2020 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

സത്യസന്ധതയുടെ വില

Tech Tutor

 സത്യസന്ധതയുടെ വില


ഒരിടത്തൊരു മര൦  വെട്ടുകാരൻ ഉണ്ടായിരുന്നു... എല്ലാ ദിവസവും കാട്ടിൽ പോയി മര൦ വെട്ടി നഗരത്തിലെ ചന്തയിൽ പോയി വിറ്റു കിട്ടുന്ന പണം കൊണ്ടാണ് അയാൾ കുടുംബം പോറ്റിയിരുന്നത്... 

ഒരു ദിവസം കാട്ടിൽ പോയി വിറകു വെട്ടി കൊണ്ടു വരുന്ന സമയം അയാളുടെ മഴു അബദ്ധവശാൽ നദിയിൽ വീണുപോയി.... വീണ ഉടനെ ആ മഴു നദിയിലേക്ക് ആഴ്ന്നു  പോയി... 

ആ മരംവെട്ടുകാരൻ കുറേ നേരം കിണഞ്ഞു പരിശ്രമിച്ചിട്ടു൦ മഴു കണ്ടെത്താൻ കഴിഞ്ഞില്ല... അയാൾക്ക് സങ്കടം സഹിക്കാനായില്ല... "എന്റെ മഴു നഷ്ടപ്പെട്ടാൽ നാളെ മുതൽ ഞാൻ എങ്ങനെ കാട്ടിൽ പോയി വിറകു വെട്ടി വിൽക്കു൦ ?? എന്റെ കുഞ്ഞുങ്ങൾ പട്ടിണിയാകുമല്ലോ!! ഞാൻ ഇനി എന്തു ചെയ്യു൦? "  

അയാൾ ആ നദിക്കരയിൽ ഇരുന്നു കരഞ്ഞു...  അയാളുടെ കരച്ചിൽ കേട്ടു നദിയിൽ നിന്നു ജലദേവത പ്രത്യക്ഷപ്പെട്ടു കാര്യം ആരാഞ്ഞു... അയാൾ നടന്നതൊക്കെ ദേവതയോടു വിശദീകരിച്ചു... 

എല്ലാം കേട്ടു കഴിഞ്ഞു ജലദേവത നദിയിലേക്ക് മറഞ്ഞു... കുറച്ചു സമയത്തിനുള്ളിൽ കൈയിൽ ഒരു സ്വർണ്ണ കോടാലിയുമായി തിരിച്ചെത്തി മരംവെട്ടുകാരന്റെ നേർക്കു നീട്ടി... ആ കോടാലി യിലേക്ക് നോക്കിയിട്ട് മരംവെട്ടുകാരൻ പറഞ്ഞു.. "ഇതു എന്റെ കോടാലിയല്ല... എനിക്കു പണി ചെയ്യാൻ എന്റെ കോടാലി വേണ൦... " 

ഇതു കേട്ടിട്ടു ജലദേവത വീണ്ടും നദിയിലേക്ക് മറഞ്ഞു ഒരു വെള്ളിക്കോടാലിയുമായി തിരിച്ചെത്തി... മരംവെട്ടുകാരൻ ആ കോടാലിയു൦ സ്വീകരിക്കാൻ തയ്യാറായില്ല... ഒടുവിൽ ജലദേവത വീണ്ടും നദിയിലേക്ക് ആഴ്ന്നു പോയി തിരിച്ചെത്തി... ഇത്തവണ കൈയിൽ മരംവെട്ടുകാരന്റെ കോടാലിയു൦ കെൈയിലുണ്ടായിരുന്നു... 

തന്റെ കോടാലി കണ്ടു മരംവെട്ടുകാരൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി... മരംവെട്ടുകാരന്റെ സത്യസന്ധതയിൽ പ്രസന്നയായ ജലദേവത ആ മൂന്നു കോടാലികളു൦ അയാൾക്ക് സമ്മാനിച്ചു നദിയിലേക്ക് മറഞ്ഞു... 


2020 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

പൊന്മുട്ടയിടുന്ന താറാവ്

Tech Tutor

 പൊന്മുട്ടയിടുന്ന താറാവ് 


ഒരിടത്തൊരിടത്തു ഒരു കർഷകൻ ഉണ്ടായിരുന്നു... ഭാര്യയും മക്കളുമൊക്കെയായി ഒരുപാടു ദാരിദ്ര്യത്തിൽ ആണ് അയാൾ കഴിഞ്ഞിരുന്നത്.... വളരെ അധികം കഷ്ടപ്പെട്ടാണ് ഓരോ ദിവസവും കഴിഞ്ഞിരുന്നത്...  ഒരു ദിവസം അയാളുടെ കഷ്ടപ്പാട് കണ്ടു ദൈവം അയാൾക്കൊരു താറാവിനെ കൊടുത്തു.... എന്നിട്ടു പറഞ്ഞു, "ഇതൊരു സാധാരണ താറാവ് അല്ല.... നിന്റെ കഷ്ടപ്പാടെല്ലാം ഇവൾ മാറ്റിതരും..."


കർഷകൻ വളരെ സന്തോഷത്തോടെ താറാവിനെയും കൊണ്ട് വീട്ടിലെത്തി... ഭാര്യയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു താറാവിനെ ഏല്പിച്ചു....  ഭാര്യ ചോദിച്ചു... "ഈ ഒരു താറാവ് എന്ത് ചെയ്യാനാണ്?  എന്താണ് ദൈവം ഉദ്ദേശിക്കുന്നത്?..."  കർഷകൻ പറഞ്ഞു... "അതൊന്നുമറിയില്ല... എന്തായാലും നമുക്ക് കാത്തിരിക്കാം...  കഴിയുന്നത് പോലെ ഈ താറാവിന് തീറ്റ കൊടുത്തു വളർത്താം..."  ഭാര്യ സമ്മതിച്ചു...


അങ്ങനെ കർഷകനും ഭാര്യയും താറാവിന് ആവശ്യത്തിന് തീറ്റയൊക്കെ കൊടുത്തു വളർത്താൻ തുടങ്ങി... ഒരു ദിവസം രാവിലെ കർഷകന്റെ ഭാര്യ താറാവിന് തീറ്റ കൊടുക്കാനായി കൂടിനടുത്തു എത്തി... കൂട്ടിലേക്ക്‌ നോക്കിയ അവർ അദ്‌ഭുതപ്പെട്ടു... അവർക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.... കൂട്ടിൽ ഒരു സ്വർണ മുട്ട !! ...  അവർ ആ മുട്ടയുമെടുത്തു കർഷകന്റെ അടുത്തേക്കോടി...


"ദേ ! ഇത് കണ്ടോ... നമ്മുടെ താറാവ് മുട്ടയിട്ടു... അതും സാധാരണ മുട്ടയല്ല... ഒരു സ്വർണ്ണമുട്ട !!.. "  കർഷകനും തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല...  രണ്ടു പേരും കൂടി ആ മുട്ട വിൽക്കാൻ തീരുമാനിച്ചു...  മുട്ട വിറ്റു കിട്ടിയ കാശുകൊണ്ട് മക്കൾക്കും അവർക്കും ആവശ്യത്തിന് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ഒക്കെ വാങ്ങി....  


അങ്ങനെ ദിവസങ്ങൾ കടന്നു പോയി... താറാവ് ഓരോ ദിവസവും ഓരോ പൊന്മുട്ട സമ്മാനമായി നൽകി... അങ്ങനെ കിട്ടുന്ന പൊന്മുട്ട വിറ്റു കിട്ടിയ കാശുകൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആ കർഷകൻ ആ നാട്ടിലെ വലിയ പണക്കാരനായി മാറി... പണക്കാരനായതോടു കൂടി കൃഷിപ്പണിയൊന്നും ചെയ്യാതെയുമായി...


ഒരു ദിവസം കർഷകന്റെ ഭാര്യ അയാളോട് പറഞ്ഞു... "ഈ താറാവ് ദിവസം ഓരോ മുട്ടയെ തരുന്നുള്ളല്ലോ ... അതിന്റെ വയറ്റിൽ ആയിരിക്കും എല്ലാ മുട്ടയും സൂക്ഷിച്ചിരിക്കുന്നത്... അതിന്റെ വയറു കീറി നമുക്ക് എല്ലാ പൊന്മുട്ടയും ഒരുമിച്ചു ഇങ്ങു എടുത്താലോ? ഓരോ ദിവസവും ഓരോരോ മുട്ടയും കൊണ്ട് വിൽക്കാനായി നടക്കണ്ടല്ലോ!.."  എല്ലാം കേട്ടപ്പോൾ കർഷകനും തോന്നി... "അത് ശരിയാണല്ലോ..."


അങ്ങനെ രണ്ടു പേരും കൂടി ആ താറാവിന്റെ വയറു കീറി പൊൻമുട്ടകൾ എടുക്കാൻ തീരുമാനിച്ചു...  കർഷകന്റെ ഭാര്യ കൊണ്ട് വന്ന കത്തി കൊണ്ട് അയാൾ ആ താറാവിന്റെ വയറു കീറി... രക്തം പുറത്തേക്കു ചീറ്റി...താറാവ് ചത്ത് പോയി...അവർ എത്ര തിരഞ്ഞിട്ടും താറാവിന്റെ വയറ്റിൽ ഒരു മുട്ട പോലും കാണാൻ കഴിഞ്ഞില്ല...


താറാവ് ചത്ത് പോയതുകൊണ്ട് ദിവസവും കിട്ടി കൊണ്ടിരുന്ന പൊന്മുട്ട കിട്ടാതെയായി...  അങ്ങനെ പതിയെ പതിയെ ദാരിദ്ര്യം അവരെ വീണ്ടും പിടികൂടി...  ധനികരായതിനേക്കാൾ വേഗത്തിൽ ദരിദ്രരായി മാറി... 


ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം ... കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുക... അത്യാഗ്രഹം ആപത്തു!

2020 ഓഗസ്റ്റ് 5, ബുധനാഴ്‌ച

രണ്ടു കള്ളന്മാർ

Tech Tutor

രണ്ടു കള്ളന്മാർ



ഒരിടത്തു ഒരിടത്തു രണ്ടു കള്ളന്മാർ ഉണ്ടായിരുന്നു, മനുവും വിനുവും... രണ്ടു പേരും കൂട്ടുകാരായിരുന്നു....  മനു ഭയങ്കര മടിയനായിരുന്നു... രണ്ടു പേരും കൂടി മോഷ്ടിക്കാൻ പോകുമ്പോൾ മനു പുറത്തു നിൽക്കുകയേ ഉള്ളൂ... 

വിനു കഷ്ടപ്പെട്ട് മോഷ്ടിച്ച് കൊണ്ടു വരുന്ന മുതലിന്റെ പങ്കു പറ്റിയാണ് മനു കഴിഞ്ഞിരുന്നത്... ഒരു ദിവസം രണ്ടു പേരും ഒരു വലിയ ധനികന്റെ വീടു കണ്ടു... മനു പറഞ്ഞു "ഈ വീട്ടിൽ🏠 കയറണ൦... ഉറപ്പായും എന്തെങ്കിലും വിലപിടിപ്പുള്ള വസ്തു കിട്ടും... അതുപയോഗിച്ച് കുറേ നാൾ അല്ലലില്ലാതെ കഴിയാ൦... "

അപ്പോൾ വിനു പറഞ്ഞു, "ഇങ്ങനെയുള്ള ധനികരുടെ വീട്ടിൽ അതിനു അനുസരിച്ചുള്ള സുരക്ഷക്രമീകരണങ്ങളും കാണും... നമ്മളെ പോലുള്ള ചെറിയ കള്ളന്മാർക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയില്ല.... നമ്മൾ പെട്ടു പോകും..."

മനു പറഞ്ഞു, "അങ്ങനൊന്നുമില്ല... ഇന്ന് നമുക്ക് ഇവിടെ തന്നെ കയറണം... ഞാൻ പുറത്തു നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിക്കോളാം... നീ പോയി കൈയിൽ കിട്ടുന്ന വിലപിടിപ്പുള്ള എന്തേലും എടുത്തു കൊണ്ട് വരണം... കിട്ടുന്നതിൽ പാതി എനിക്കും പാതി നിനക്കും..."

അങ്ങനെ രാത്രിയിൽ രണ്ടു പേരും കൂടി ആ വീടിനു പുറത്തു വന്നു.... വിനു പതിവ് പോലെ മതിലു ചാടി വീട്ടുവളപ്പിൽ കടന്നു... മനു വീടിനു പുറത്തു വിനു വരുന്നതും കാത്തു നിന്നു...  കുറെ നേരം കഴിഞ്ഞപ്പോൾ വിനു ഓടി വരുന്നത് കണ്ടു... മനുവിന് സന്തോഷമായി... ഉറപ്പായും അവനു വിലപിടിപ്പുള്ള എന്തേലും കിട്ടിയിട്ടുണ്ടാവും.... കിട്ടിയതിൽ പാതി എങ്ങനെ എങ്കിലും സ്വന്തമാക്കണം...

ചിന്തിച്ചു കൊണ്ട് ഇരിക്കുന്നതിനിടയിൽ വിനു അടുത്തെത്തി കഴിഞ്ഞു... വിനുവിനെ കണ്ട ഉടനെ മനു പറഞ്ഞു... "വേഗം വാ, കിട്ടിയതിൽ പാതി എന്തായാലും എനിക്ക് വേണം..."  ഇത് കേട്ട ഉടനെ വിനു മനുവിന്റെ കൈ പിടിച്ചു ഒരു കടി കൊടുത്തു....   "ആഹ്! "  മനു വേദന കൊണ്ട് പുളഞ്ഞു...   "നീ എന്തിനാണ് എന്റെ കൈയിൽ കടിച്ചത്? "

വിനു പറഞ്ഞു... "എനിക്ക് കിട്ടിയതിൽ പാതി നിനക്ക് തരണമെന്നല്ലേ നീ പറഞ്ഞത്.... എനിക്ക് കിട്ടിയത് ആ വീട്ടിലെ പട്ടിയുടെ കടിയാ!   അതിൽ പാതിയാ ഞാൻ നിനക്ക് തന്നത്..."

ഇതിൽ നിന്ന് എന്ത് മനസ്സിലായി?  അത്യാഗ്രഹം ആപത്താണ്!