പൊന്മുട്ടയിടുന്ന താറാവ്
ഒരിടത്തൊരിടത്തു ഒരു കർഷകൻ ഉണ്ടായിരുന്നു... ഭാര്യയും മക്കളുമൊക്കെയായി ഒരുപാടു ദാരിദ്ര്യത്തിൽ ആണ് അയാൾ കഴിഞ്ഞിരുന്നത്.... വളരെ അധികം കഷ്ടപ്പെട്ടാണ് ഓരോ ദിവസവും കഴിഞ്ഞിരുന്നത്... ഒരു ദിവസം അയാളുടെ കഷ്ടപ്പാട് കണ്ടു ദൈവം അയാൾക്കൊരു താറാവിനെ കൊടുത്തു.... എന്നിട്ടു പറഞ്ഞു, "ഇതൊരു സാധാരണ താറാവ് അല്ല.... നിന്റെ കഷ്ടപ്പാടെല്ലാം ഇവൾ മാറ്റിതരും..."
കർഷകൻ വളരെ സന്തോഷത്തോടെ താറാവിനെയും കൊണ്ട് വീട്ടിലെത്തി... ഭാര്യയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു താറാവിനെ ഏല്പിച്ചു.... ഭാര്യ ചോദിച്ചു... "ഈ ഒരു താറാവ് എന്ത് ചെയ്യാനാണ്? എന്താണ് ദൈവം ഉദ്ദേശിക്കുന്നത്?..." കർഷകൻ പറഞ്ഞു... "അതൊന്നുമറിയില്ല... എന്തായാലും നമുക്ക് കാത്തിരിക്കാം... കഴിയുന്നത് പോലെ ഈ താറാവിന് തീറ്റ കൊടുത്തു വളർത്താം..." ഭാര്യ സമ്മതിച്ചു...
അങ്ങനെ കർഷകനും ഭാര്യയും താറാവിന് ആവശ്യത്തിന് തീറ്റയൊക്കെ കൊടുത്തു വളർത്താൻ തുടങ്ങി... ഒരു ദിവസം രാവിലെ കർഷകന്റെ ഭാര്യ താറാവിന് തീറ്റ കൊടുക്കാനായി കൂടിനടുത്തു എത്തി... കൂട്ടിലേക്ക് നോക്കിയ അവർ അദ്‌ഭുതപ്പെട്ടു... അവർക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.... കൂട്ടിൽ ഒരു സ്വർണ മുട്ട !! ... അവർ ആ മുട്ടയുമെടുത്തു കർഷകന്റെ അടുത്തേക്കോടി...
"ദേ ! ഇത് കണ്ടോ... നമ്മുടെ താറാവ് മുട്ടയിട്ടു... അതും സാധാരണ മുട്ടയല്ല... ഒരു സ്വർണ്ണമുട്ട !!.. " കർഷകനും തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... രണ്ടു പേരും കൂടി ആ മുട്ട വിൽക്കാൻ തീരുമാനിച്ചു... മുട്ട വിറ്റു കിട്ടിയ കാശുകൊണ്ട് മക്കൾക്കും അവർക്കും ആവശ്യത്തിന് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ഒക്കെ വാങ്ങി....
അങ്ങനെ ദിവസങ്ങൾ കടന്നു പോയി... താറാവ് ഓരോ ദിവസവും ഓരോ പൊന്മുട്ട സമ്മാനമായി നൽകി... അങ്ങനെ കിട്ടുന്ന പൊന്മുട്ട വിറ്റു കിട്ടിയ കാശുകൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആ കർഷകൻ ആ നാട്ടിലെ വലിയ പണക്കാരനായി മാറി... പണക്കാരനായതോടു കൂടി കൃഷിപ്പണിയൊന്നും ചെയ്യാതെയുമായി...
ഒരു ദിവസം കർഷകന്റെ ഭാര്യ അയാളോട് പറഞ്ഞു... "ഈ താറാവ് ദിവസം ഓരോ മുട്ടയെ തരുന്നുള്ളല്ലോ ... അതിന്റെ വയറ്റിൽ ആയിരിക്കും എല്ലാ മുട്ടയും സൂക്ഷിച്ചിരിക്കുന്നത്... അതിന്റെ വയറു കീറി നമുക്ക് എല്ലാ പൊന്മുട്ടയും ഒരുമിച്ചു ഇങ്ങു എടുത്താലോ? ഓരോ ദിവസവും ഓരോരോ മുട്ടയും കൊണ്ട് വിൽക്കാനായി നടക്കണ്ടല്ലോ!.." എല്ലാം കേട്ടപ്പോൾ കർഷകനും തോന്നി... "അത് ശരിയാണല്ലോ..."
അങ്ങനെ രണ്ടു പേരും കൂടി ആ താറാവിന്റെ വയറു കീറി പൊൻമുട്ടകൾ എടുക്കാൻ തീരുമാനിച്ചു... കർഷകന്റെ ഭാര്യ കൊണ്ട് വന്ന കത്തി കൊണ്ട് അയാൾ ആ താറാവിന്റെ വയറു കീറി... രക്തം പുറത്തേക്കു ചീറ്റി...താറാവ് ചത്ത് പോയി...അവർ എത്ര തിരഞ്ഞിട്ടും താറാവിന്റെ വയറ്റിൽ ഒരു മുട്ട പോലും കാണാൻ കഴിഞ്ഞില്ല...
താറാവ് ചത്ത് പോയതുകൊണ്ട് ദിവസവും കിട്ടി കൊണ്ടിരുന്ന പൊന്മുട്ട കിട്ടാതെയായി... അങ്ങനെ പതിയെ പതിയെ ദാരിദ്ര്യം അവരെ വീണ്ടും പിടികൂടി... ധനികരായതിനേക്കാൾ വേഗത്തിൽ ദരിദ്രരായി മാറി...
ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം ... കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുക... അത്യാഗ്രഹം ആപത്തു!
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ