ഒരിടത്തൊരു കാക്കയുണ്ടായിരുന്നു. ഒരു ദിവസം കാക്കയ്ക്കു കുടിക്കാൻ വെള്ളം കിട്ടിയതേ ഇല്ല. ദാഹിച്ചു വലഞ്ഞ കാക്ക വെള്ളം അന്വേഷിച്ചു പറ ക്കുകയായിരുന്നു.
പറക്കുന്നതിനിടയിൽ കാക്ക ഒരു വീടിന്റെ മുറ്റത്ത് ഒരു കുടം കണ്ടു. കാക്ക പതിയെ കുടത്തിന്റെ അടുക്കൽ ചെന്നു കുടത്തിലേക്ക് സൂക്ഷിച്ചു നോക്കി. അപ്പോൾ കുടത്തിന്റെ ഏറ്റവും താഴെയായി കുറച്ചു വെള്ളം കിടക്കുന്നതു കണ്ടു.
"ഹോ! ആശ്വാസമായി... കുറച്ചു വെള്ളം ഇതിനുള്ളിൽ ഉണ്ട്. എങ്ങനെ എങ്കിലും ഈ വെള്ളം കുടിക്കാൻ കഴിഞ്ഞാൽ എന്റെ ദാഹം ശമിക്കും." കാക്ക കുടത്തിലേക്കു കൊക്ക് നീട്ടി വെള്ളം കുടിക്കാൻ നോക്കി... എന്നാൽ വെള്ളം കുടത്തിന്റെ ഏറ്റവും താഴെ ആയതു കാരണം കൊക്ക് വെള്ളത്തിലേക്ക് എത്തുന്നില്ലായിരുന്നു...
കാക്ക ആലോചിച്ചു... "ഞാൻ എങ്ങനെ ഈ വെള്ളം കുടിക്കും? വെള്ളം കുടിച്ചില്ലെങ്കിൽ ദാഹിച്ചു വളഞ്ഞു ഞാൻ ചത്ത് പോകും...എന്തേലും ഒരു സൂത്രം കണ്ടെത്തണം ഈ വെള്ളം കുടിക്കാൻ..." കാക്ക നാലു ചുറ്റും നോക്കി... അപ്പോളാണ് ഒരിടത്തു കുറെ കല്ലുകൾ കിടക്കുന്നതു കാക്കയുടെ ശ്രദ്ധയിൽ പെട്ടത്. പെട്ടെന്ന് കാക്കയ്ക്ക് ഒരു ബുദ്ധി തോന്നി... കാക്ക പറന്നു ചെന്ന് ഓരോരോ കല്ലുകളായി പെറുക്കി കൊണ്ട് വന്നു കുടത്തിലെ വെള്ളത്തിലേക്ക് ഇട്ടു... ഓരോ കല്ലുകളും വീഴുന്നതിന് അനുസരിച്ചു കുടത്തിലെ വെള്ളം മുകളിലേക്ക് ഉയർന്നു വരാൻ തുടങ്ങി....
കാക്ക വീണ്ടും വീണ്ടും കല്ലുകൾ പെറുക്കി ഇട്ടു കൊണ്ടേ ഇരുന്നു... വെള്ളം അതിനു അനുസരിച്ചു മുകളിലേക്ക് ഉയർന്നു കൊണ്ടേ ഇരുന്നു... അങ്ങനെ കുറെ കല്ലുകൾ ഇട്ടു കഴിഞ്ഞപ്പോൾ വെള്ളം കുടത്തിന്റെ മുകൾ ഭാഗത്തേക്ക് എത്തി.... അപ്പോൾ കാക്ക പതിയെ വെള്ളം കുടിക്കാൻ ശ്രമിച്ചു... "ഹോ! രക്ഷപ്പെട്ടു ! ഇപ്പോൾ എന്റെ കൊക്ക് വെള്ളത്തിൽ മുട്ടുന്നുണ്ട്.... എനിക്ക് ഇപ്പോൾ വെള്ളം കുടിക്കാം...."
കാക്ക ദാഹം തീരുവോളം വെള്ളം കുടിച്ചു.... കാക്കയ്ക്ക് വളരെ സന്തോഷമായി.... അത് കാ... കാ.. എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് സന്തോഷത്തോടെ ദൂരേക്ക് പറന്നു പോയി.....
ഇതിൽ നിന്ന് എന്തു മനസ്സിലായി? "ബുദ്ധിയോടെ പ്രവർത്തിച്ചാൽ നമുക്ക് എല്ലാം നേടാൻ കഴിയും..."
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ